മണ്ണാർക്കാട്: എടത്തനാട്ടുകര മലയോര മേഖലയായ പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ ചളവ, പൊൻപാറ, പടിക്കപ്പാടം, കരുവരട്ട, അണ്ടിക്കുണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യ ഉത്പാദനവും വില്പനയും വ്യാപകമെന്നു പരാതി.
മണ്ണാർക്കാട്, പെരിന്തൽമണ്ണ, വണ്ടൂർ എക്സൈസ് ഓഫീസുകളുടെ പ്രവർത്തന പരിധിയിൽ വരുന്ന മലയോര പ്രദേശങ്ങളിൽ മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വ്യാജമദ്യ ഉത്പാദനവും വിതരണവുമാണ് നടക്കുന്നതെന്നാണ് പരാതി. വൻതോതിൽ ഉത്പാദിപ്പിക്കുന്ന മദ്യം മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
എക്സൈസ്, പോലീസ് അധികൃതർക്ക് വിവരംനൽകി അവർ എത്തുമ്പോഴേക്കും വില്പനക്കാർ രക്ഷപ്പെടുകയാണെന്നാണു നാട്ടുകാർ പറയുന്നത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിക്കാനും വാങ്ങാനുമായി പുറത്തുനിന്നുള്ളവർ വരെ എത്തുന്നത് നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്. ഏതാനുംമാസംമുൻപ് നാട്ടുകാർ സംഘടിച്ച് ജനജാഗ്രതാ സമിതി രൂപീകരിച്ച് ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറച്ചുകാലം കുറവുണ്ടായിരുന്നുവെങ്കിലും വില്പന വീണ്ടും സജീവമായിരിക്കുകയാണ്.
ആവശ്യക്കാർക്കുവേണ്ട അളവിൽ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന രീതിയാണ് വില്പനക്കാരുടേത്. വില്പനക്കാരുടെയും ഉപയോഗിക്കാൻ വരുന്നവരുടെയും അഴിഞ്ഞാട്ടം സ്ത്രീകൾക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും വഴിനടക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. രാത്രി ഏറെ വൈകിയും പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ എത്തുന്ന വാഹനങ്ങളെയും അപരിചിതരെയും സംബന്ധിച്ച് വിവരങ്ങൾ നാട്ടുകാർ പോലീസിനെയും എക്സൈസിനെയും അറിയിക്കുന്നുണ്ടെങ്കിലും ഒരു നടപടിയുമില്ല.
ജനജീവിതത്തിനു ഭീഷണിയായ മദ്യ, മയക്കുമരുന്ന് വില്പനക്കെതിരെ സംഘടിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.